Ind disable

Sunday, January 1, 2012

മൗനാനുരാഗം

നിശ്ചല്‍ 

ഒരിക്കലും മറക്കാന്‍ കഴിയാത്ത കുറച്ചു നല്ല ഓര്‍മ്മകളുമായി നാട്ടിലേക്ക് പോരുമ്പോള്‍ ഒന്നു മാത്രം അവന്റെ മനസ്സിനെ നോവിച്ചിരുന്നു.  ഇനിയൊരിക്കലും ദീപുവിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ? രണ്ട് വർഷം പക്ഷെ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല. എല്ലാവരെയും കാണുമ്പോള്‍ ഒരു പുഞ്ചിരി അവന്റെ ചുണ്ടില്‍ വിരിയും. തിരിച്ച് കിട്ടുന്നത് അവഗണനയാണെങ്കിലും അവന്‍ പുഞ്ചിരി സമ്മാനിക്കും, ഒരു മടിയുമില്ലാതെ അപ്പോഴൊന്നും അവന് വിഷമം തോന്നാറില്ല. പക്ഷെ എന്തോ ദീപു അങ്ങനെ ചെയ്യുമ്പൊള്‍ അവന് വേദനിക്കും. എന്തോ ദീപുവിനെ കണ്ടന്ന മുതല്‍ ഉള്ളിലെങ്ങോ പറയാന്‍ കഴിയാത്ത ഒരു നൊമ്പരം. ചിലപ്പോള്‍ ഇതിനെയാരിക്കും പ്രണയം എന്നു പറയുന്നത്. 

ബീകോം പാസായി പലയിടങ്ങളിലും ഇന്റര്‍വ്യൂവിനു പോയി. കുറച്ചിടങ്ങളില്‍ സെലെക്ട് ആയി കുറച്ചു നാള്‍ അവിടെ തുടരും പിന്നെ മടുക്കും. ശരിക്കും പറഞ്ഞാല്‍ മടുക്കുന്നതല്ല അവന് പാവമായതിനാല്‍ അവിടുത്തെ മറ്റു സ്റ്റാഫുകള്‍ തലയില്‍ കയറി നിരങ്ങും. എതിര്‍ത്ത് നില്‍ക്കാന്‍ അറിയില്ല ,പലരും അവനെ ഉപദേശിച്ചിട്ടുണ്ട്. പക്ഷെ ജാത്യാലുള്ളത് തൂത്താല്‍ പോകുമോ?  നിരങ്ങൽ അതിന്റെ പാരമ്യതയിലെത്തുമ്പോൾ അവിടുന്നും പതുക്കെ അടുത്തതിലേക്ക്. അങ്ങനെ ചാടി ചാടി നടക്കുമ്പോഴാണ് വിദേശത്തു നിന്നും ഒരവസരം അവനെ തേടിവന്നത്. 

ദുബായ്, ഇവിടെയെങ്കിലും ഒന്ന് പച്ചപിടിക്കണം കുറച്ച് കൂടി മെച്ചേഡ് ആയി പെരുമാറണം. പക്ഷെ അവിടെയും പരാജയം.വലിയ കമ്പനിയാണ് ആയിരത്തിലധികം സ്റ്റാഫ് ഉണ്ട്. എല്ലാവര്‍ക്കും അക്കോമൊഡേഷന്‍ കമ്പനി വകയാണ്. അങ്ങനെ കമ്പനി വക ക്യാമ്പില്‍ അവനും തലചായ്ക്കാന്‍ ഒരിടം കിട്ടി. എല്ലാവരും മലയാളികള്‍ കൂട്ടത്തില്‍ സുന്ദരന്‍ ദീപു തന്നെ. വന്നതിന്റെ പിറ്റേ ദിവസം മൊബൈല്‍ സിം എടുക്കാന്‍ റൂം മേറ്റിന്റെ ഒപ്പം പോയി. തിരിച്ച് വരുമ്പോള്‍ മൊബൈലില്‍ കുനു കുനെ സംസാരിക്കുന്ന ഒരു ഇരുപത്തിരണ്ട് കാരന്‍ . ഓമനത്തം തോന്നിക്കുന്ന മുഖം കണ്ടാല്‍ ആരും ആ മുഖം കൈയ്യിലെടുത്ത് ഉമ്മ വെക്കും. സാധാരണ മലയാളികള്‍ മൊബൈലില്‍ സംസാരിക്കുമ്പോള്‍ ലോകം മുഴുവനും അറിയും അവന്റെ പരാധീനതകള്‍ . പക്ഷെ ദീപു അവന്‍ ആരോടൊ സ്വകാര്യം പറയുന്നത് പോലെ സംസാരിക്കുന്നു. ഇതൊക്കെയാവനം അവനെ ദീപുവിലേക്ക് അടുപ്പിച്ചത്. 

തൊട്ടടുത്ത റൂമാണ് ദീപുവിന്റേത്. അവന്‍ ഇടക്ക് പുറത്തേക്കിറങ്ങുമ്പോള്‍ വാതില്‍ക്കല്‍ നില്പുണ്ടാകും ദീപു. അവന്‍ ദീപുവിന്റെ മുഖത്തേക്ക് നോക്കും പക്ഷെ തിരിച്ച് അങ്ങനെയൊന്നുമുണ്ടാകില്ല. ഒന്നുകില്‍ റൂമിന്റെ അകത്തേക്ക് പോകും അല്ലെങ്കില്‍ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ആരെയെങ്കിലും വിളിക്കാന്‍ തുടങ്ങും.  പലപ്പോഴും അവന്‍ തുനിഞ്ഞതാണ് ഒന്ന് പരിചയപ്പെടാന്‍ . പക്ഷെ എന്തോ അവന് അതിന് സാധിക്കുന്നില്ല. ദീപുവിനെ കാണുമ്പോള്‍ ഒരു തരം വിറയലാണ് എന്തോ ഒരു വികാരം. കുറേ മാസങ്ങള്‍ ഇങ്ങനെ തന്നെ തുടര്‍ന്നു. ഓരോ തവണ കാണുമ്പോളും അവന്‍ ദീപുവിലേക്ക് കൂടുതല്‍ അടുത്തു. ഒരു പക്ഷെ അവന്റെ ആ നോട്ടത്തില്‍ നിന്നും ദീപുവിന് അവനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും. അതാവും അവനോട് അടുക്കാനും സംസാരിക്കാനും ദീപു മുതിരാഞ്ഞത്.  

ദീപുവിന്റെ റൂം മേറ്റും അക്കൌണ്ടന്റ് ആണ്. അതു കൊണ്ട് അവന്‍ ഇടക്ക് ദീപുവിന്റെ റൂമില്‍ പോകും. പക്ഷെ അവന്‍ ചെല്ലുമ്പോള്‍ ദീപു ഒന്നുകില്‍ ടിവിയില്‍ അല്ലെങ്കില്‍ ലാപ്ടോപില്‍ ശ്രദ്ധിച്ചിരിക്കും. ഇതു വരെ ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല അവനോട്. എന്നാലും ദീപുവിനോടുള്ള ഇഷ്ടം കുറയുന്നില്ല ഓരോ തവണ ദീപുവിനെ കാണുമ്പോളും അവന് ഒരു അനുഭൂതി തോന്നും.

 അങ്ങനെ ദുബായ് അവന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അവഗണനകളും മറ്റ് സ്റ്റാഫുകളുടെ പരിഹാസങ്ങളും നേരിടുമ്പോള്‍ അവന്‍ പതിയെ ദീപുവിന്റെ മുഖം മനസ്സില്‍ ഓര്‍ക്കും.  പതിയെ അവന്റെ ചുണ്ടുകളില്‍ പുഞ്ചിരി വിടരും. രണ്ട് വര്‍ഷമായി ഈ മൗനാനുരാഗം തുടരുന്നു. “ഇനി വയ്യ” അവന്‍ ദീപുവിനോട് സംസാരിക്കാന്‍ തീരുമാനിച്ചു.  പക്ഷെ അവനതിന് കഴിയുന്നില്ല എന്തോ വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. ദേഹമാകെ വിറയ്ക്കുന്നത് പോലെ! വേണ്ട ഇതിങ്ങനെ തന്നെ തുടരട്ടെ. 

സാമ്പത്തിക മാന്ദ്യം അവന്റെ കമ്പനിയേയും ബാധിച്ചു. പിരിച്ചു വിടുന്ന സ്റ്റാഫുകളുടെ ലിസ്റ്റില്‍ അവനും ഉണ്ടായിരുന്നു. ദീപു ഐ.റ്റി സെക്ഷനിലാണ് അതു കൊണ്ട് അവന്‍ രക്ഷപെട്ടു. തിരികെ നാട്ടിലേക്ക് ദുബായ്ക്കാരന്‍ നാട്ടിലേക്ക് പോകുമ്പോള്‍ വാങ്ങാറുള്ള കുറെ സാധനങ്ങള്‍ വാങ്ങി പായ്ക്ക് ചെയ്തു. ദീപുവിനോട് യാത്ര പറയണം “പക്ഷെ എന്റെയീ നശിച്ച സ്വഭാവം , എനിക്കതിന് കഴിയില്ല” 

ഇറങ്ങുമ്പോള്‍ ദീപു വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു. അന്ന് എന്തോ ദീപു അവനെ നോക്കി, ദീപുവിന്റെ കണ്ണുകള്‍ എന്തോ അവനോട് പറയുന്നത് പോലെ. പ്രണയത്തിന്റെ ഒരു കിരണം ദീപുവിന്റെ കണ്ണുകളില്‍ സ്ഫുരിച്ച് നിന്നു.

 ഇറങ്ങുകയാണെന്ന ഭാവത്തില്‍ അവന്‍ ദീപുവിനെ നോക്കി തലയാട്റ്റി. യാത്രയാക്കാന്‍ അവന്‍ ഗേറ്റ് വരെ കൂടെ വന്നു. കാറിലിരുന്ന് ഒന്നു കൂടെ ദീപുവിനെ നോക്കി. പിന്നെ സീറ്റിലേക്ക് ചാഞ്ഞിരുന്നു. കണ്ണുനീര്‍ അവന്റെ കണ്ണുകളെ ഒരു സാഗരമാക്കി. ദീപുവിനോടുള്ള ആന്റ്ഗെ സ്നേഹത്തിന്റെ മഹാസാഗരം.