Ind disable

Saturday, July 17, 2010

ആട്ടിന്‍ തോലിട്ട ചെന്നായ




ഹതഭാഗ്യന്‍

ഒരു സുഹൃത്തിനായി മനം തുടിക്കുമ്പോള്‍ ഒരു ഗേ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റില്‍ കണ്ടതാണ് ആ പ്രൊഫൈല്‍. ‘ജീവന്‍ നിര്‍മല്‍’ എന്ന മനോഹരമായ പേരുള്ള ആ പ്രൊഫൈലില്‍ എഴുതിയിരുന്നത് ‘എനിക്ക് തോന്നുന്നത് ഞാന്‍ സുന്ദരനാനെന്നാണ്. നമുക്ക് ഒരു സൌഹൃദത്തോടെ ആരംഭിക്കാം’ എന്നായിരുന്നു. മറ്റുള്ള പ്രൊഫൈലുകളില്‍ നിന്ന് ഒരല്പം വ്യത്യാസം തോന്നിയത് കൊണ്ട് അയാളെ പരിചയപ്പെടാമെന്നു വെച്ചു.

ആദ്യ കാഴ്ചയില്‍ തന്നെ മൃദുഭാഷണനായ അയാള്‍, പഞ്ചാര വാക്കുകള്‍ പറഞ്ഞും ഗജിനിയിലെ 'കേസെ മുജേ' എന്ന പാട്ടു മൊബൈലില്‍ ഇട്ടുമൊക്കെ ആ ഹൃദയവിശാലത ബോധ്യപ്പെടുത്തി. "ഇയാളെ കണ്ടാല്‍ ആരും നോക്കിപ്പോകും" എന്നൊക്കെ കേട്ടപ്പോള്‍ എനിക്കു തന്നെ കോരിത്തരിച്ചു...
തലസ്ഥാന നഗരിയിലെ ഐ.ടി പ്രൊഫഷണല്‍ ,കരുണാമയന്‍, തികഞ്ഞ കൃഷ്ണഭക്തന്‍ കൂടാതെ കൃഷ്ണാംശം പേരിലും പേറുന്നവന്‍ എന്തു കൊണ്ടും ഒരു ദൈവിക ഭാവം നിറഞ്ഞവന്‍ ആരും ബഹുമാനിച്ചു പോകും, അടുത്ത് പരിചയപെട്ടു കഴിഞ്ഞപ്പോള്‍ തോന്നി അയാളെ പോലെ കെയറിംഗ് ആയ, സ്നേഹവും ആത്മാര്‍ഥതയും ഉള്ള മറ്റൊരാളില്ലെന്നു. അപ്പോഴൊന്നും എനിക്ക് ആ സ്നേഹത്തില്‍ ഒരു സംശയവും തോന്നിയില്ല. 
ഒരിക്കല്‍ ഞാന്‍ അയാളോട് ചോദിച്ചു എന്താ ‘ജീവന്‍ നിര്‍മല്‍’ എന്ന പ്രൊഫൈല്‍ നൈമിന്റെ അര്‍ഥം എന്ന്. ‘ജീവിതം നിര്‍മലമല്ലേ കുട്ടീ’ എന്നായിരുന്നു അതിനു അയാളുടെ മറുപടി. പിന്നെ പിന്നെ ഞാന്‍ അയാളോട് കൂടുതല്‍ അടുക്കാന്‍ തുടങ്ങി. എന്നെ വലിച്ചടുപ്പിക്കുകയായിരുന്നു എന്നതാണ് സത്യം. പിരിയാന്‍ കഴിയാത്ത അത്ര വിധം ആ ബന്ധം വളര്‍ന്നു."നമ്മുടെ ഹൃദയങ്ങള്‍ അത്രയ്ക്ക് അടുത്തു പോയി എന്നും, എനിക്ക് നീ മാത്രം മതി"യെന്നുമൊക്കെയുള്ള ആ മധുര വചസുകള്‍ കേട്ടു കെട്ടിപ്പുണര്‍ന്നു കിടന്നപ്പോള്‍, ഈ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവാന്‍ ഞാന്‍ ആണെന്നു കരുതിപ്പോയ നാളുകള്‍.
ഞാന്‍ അയാളോട് അങ്ങേയറ്റം ആത്മാര്‍ത്ഥത വെച്ചു പുലര്‍ത്തുമ്പോളും അവന്‍ തന്റെ പഴയ ബന്ധങ്ങള്‍ തുടരുന്നുണ്ടായിരുന്നുവെന്ന സത്യം എനിക്കൊരു ഷോക്ക്‌ ആയിരുന്നു. ഞാനുമായി ബന്ധം തുടര്‍ന്ന് കൊണ്ട് തന്നെ അയാള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് മനസിലാകിയത് ഒരു ഞെട്ടലോടെയായിരുന്നു. 
അയാള്‍ പുതിയതായി തുടങ്ങിയ ഒരു വള്‍ഗര്‍ പ്രൊഫൈല്‍ കണ്ടതോടെ എനിക്ക് കാര്യങ്ങള്‍ പൂര്‍ണ ബോധ്യമായി. പക്ഷെ അയാളോടുള്ള സ്നേഹത്തിന്‍റെ പുറത്തു അതൊക്കെ ക്ഷമിക്കുവാനും കണ്ടില്ലെന്നു നടിക്കുവാനും ഞാന്‍ ഒരുക്കമായിരുന്നു.
പക്ഷെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ തുടങ്ങുകയായിരുന്നു. സിറ്റിയിലുള്ള പകുതിയിലധികം പേരുമായും അയാള്‍ക്ക് അവിശുദ്ധ ബന്ധങ്ങളുണ്ടായിരുന്നു. അയാളെ മാത്രം മനസ്സില്‍ കൊണ്ട് നടന്ന ഞാന്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലേക്ക് പോവുകയായിരുന്നു. മാനസികമായി ആകെ തളര്‍ന്ന എന്നെ മനസ്സിലാക്കുവാനോ, സ്വാന്ത്വനിപ്പിക്കാനോ ആരുമുണ്ടായില്ല, മറ്റുള്ളവരുടെ മുന്‍പില്‍ നല്ലപിള്ള ചമയാനായി അയാള്‍ എന്നെ ഒരു പ്രശ്നക്കാരനായി ചിത്രീകരിച്ചു...
ഇതിനിടെ അയാള്‍ക്ക് വിവാഹാലോചനകളൊക്കെ തുടങ്ങിയിരുന്നു. പെണ്ണ് കാണാന്‍ പോകുന്നത് പോലും എന്നില്‍ നിന്ന് മറച്ചു വെക്കാന്‍ അയാള്‍ ശ്രദ്ധിക്കുമായിരുന്നു.
 അങ്ങനെ അവന്റെ വിവാഹം ഉറപ്പിച്ചു. അതു വരെ അതു വരെ തേനും ചക്കരയും, മുത്തും ഒക്കെയായിരുന്ന ഞാന്‍ അപ്പോള്‍ ഒരു അധികപറ്റായി. കാര്യം കഴിഞ്ഞപ്പോള്‍ കാലു മടക്കി ഒരൊറ്റ തൊഴി. ആ അവസ്ഥയില്‍ നിന്ന് എനിക്ക് കര കയറണമായിരുന്നു. ഞാന്‍ നാട്ടിലേക്ക് തിരിച്ചു പോന്നു.
 തിരിച്ചു നാട്ടില്‍ വന്ന ശേഷമാണ് അയാളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അറിയാന്‍ ഇട വന്നത്. അയാളുടെ അവിശുദ്ധ ബന്ധങ്ങളില്‍ പലരും വിവാഹം കഴിഞ്ഞു കുട്ടികള്‍ ഉള്ളവരും എന്തിനു 65 വയസുള്ള, ഒരു കിളവന്‍ വരെ ഉണ്ടായിരുന്നു. രതി വൈകൃതങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന അയാളില്‍ പ്രാണനെ കണ്ട എനിക്ക് എന്നൊടു തന്നെ വെറുപ്പ് തോന്നി ഒപ്പം ഉള്ളില്‍ ഒരു ഭയവും...ഒരു ഡോക്ടര്‍കൂടിയായ എന്റെ ഉത്തമ സുഹൃത്തിന്റെ പിന്തുണ ഒന്നു കൊണ്ട് മാത്രം ഞാന്‍ ജീവിച്ച നാളുകള്‍.. മാരകരോഗങ്ങള്‍ പകര്‍ന്നിരിക്കുമോ എന്ന്‍ ഭയന്ന്‍ നീറി നീറി മുന്നോട്ട് പോയ നാളുകള്‍.,

അങ്ങനെയിരിക്കയേയാണ് എന്റെ ഒരു സുഹൃത്ത് ഇയാളെ  ഫേക് ഐടിയില്‍ ഓണ്‍ ലൈന്‍ കണ്ടത്, ഗേ സെക്സില്‍ താത്പര്യം നഷ്ടമായി എന്നു അവകാശപ്പെട്ടിരുന്ന ഇയാളുടെ ഉദ്ദേശം മനസ്സിലാക്കുവാനായി രണ്ട് സുഹൃത്തുക്കള്‍ രണ്ട് ഫേക് ഐഡിയില്‍ നിന്നും ചാറ്റ് ചെയ്തു,
ഒന്നില്‍ നിന്ന് വളരെ ഡീസെന്‍റ് ആയിട്ടും മറ്റേതില്‍ നിന്ന് വളരെ വള്‍ഗര്‍ ആയിട്ടും. ആദ്യം തന്നെ കക്ഷി ചോദിച്ചതു ..r u interested in m2m? എന്നായിരുന്നു.
അതു വരെ ‘ഗേ’ ആയിരുന്നയാള്‍ പെട്ടെന്ന് ‘ബൈസെക്ഷ്വല്‍’ ആയി മാറി!. (കല്യാണം ഒക്കെ ഉറപ്പിച്ചത് കൊണ്ടായിരിക്കാം!). അയാള്‍ക്ക് ഐശ്വര്യാ റായിയെ പോലുള്ള ഒരു ഗേള്‍ഫ്രണ്ട് ഉണ്ട് പോലും.
അതുമാത്രമല്ല അഞ്ചാറു ആണുങ്ങളും അയാളെ പ്രേമിച്ചിരുന്നത്രെ !!! (ഈ ഹത ഭാഗ്യനും അതിലൊരാളായിരുന്നിരിക്കണം) കുറെ ചാറ്റിങ് ഒക്കെ കഴിഞ്ഞപ്പോള്‍ അയാളുടെ മട്ട് മാറാന്‍ തുടങ്ങി. ‘ഇന്ന് രാത്രി സ്ഥലമുണ്ടോ, ഞാന്‍ വരട്ടെ’ എന്നിങ്ങനെ തരം താഴ്ന്ന രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതിലൊക്കെ രസം ഈ സംഭവങ്ങളൊക്കെ നടക്കുന്നത് അയാളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോലാണ് എന്നതാണ്!. ഒടുവില്‍ കക്ഷി ആവശ്യപ്പെട്ട പ്രകാരം അവരുടെ തന്നെ വേറെ നമ്പരുകളും കൈമാറി....അതു മാത്രമല്ല ആര്‍ക്കും കൊടുക്കാതെ വെച്ചിരിക്കുന്ന ഒരു നമ്പര്‍ കക്ഷി അവര്‍ക്കും കൈമാറി...ഫോണില്‍ അവര്‍ സംസാരിച്ചപ്പോള്‍ അതെ പാവം ആട്ടിന്‍ കുട്ടിയുടെ സ്വരം!!!!!!! കാമാര്‍ത്തനായ ആട്ടിന്‍ കുട്ടി...!!!!!!!!
സാധാരണ ഒരു മനുഷ്യന്‍, അയാളുടെ സെക്ഷ്വല്‍ ഒറിയെന്‍റേഷന്‍ എതെന്കിലുമായിക്കോട്ടേ, വിവാഹം നിശ്ചയിച്ചു കഴിഞാല്‍ പിന്നെ മറ്റു ബന്ധങ്ങളില്‍ നിന്ന് അകന്നു മാറുവാന്‍ ശ്രമിക്കുകയെന്കിലും ചെയ്യില്ലേ? അന്ന് എനിക്കയാളെ ഓര്‍ത്തു വളരെ ലജ്ജ തോന്നി. ഞാന്‍ അയാളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപെട്ടല്ലോ എന്നുള്ള ഒരു സമാധാനവും.

വാല്‍ക്കഷ്ണം: നമ്മുടെ കഥാ നായകന്‍ ഇടക്കിടെ പറയുമായിരുന്നു "ശ്രീ രാമന്റെ നാളാ എന്റേത്, രാമന്റെ എല്ലാ ഗുണ ഗണങ്ങളും എനിക്കുണ്ട്" എന്ന്‍ , ഇതൊന്നും മംഗലാപുരത്തെ ശ്രീരാമ സേനക്കാര്‍ കേള്‍ക്കാഞ്ഞത് നമ്മുടെ കുഞ്ഞാടിന്റെ ഭാഗ്യം.